Monday, May 24, 2021

വന്ധ്യം

 നിനക്കറിയില്ല, 

എന്റെ ചെളി പുരണ്ട കൈകൾ കൊണ്ട് 

മേലങ്കിയിൽ  

നക്ഷത്ത്രങ്ങൾ തുന്നി ചേര്പ്പിക്കുന്ന 

വന്ധ്യകാല വ്യാമോഹത്തിനെ

 

അരികു പിഞ്ചിയ കിന്നരി തലപ്പാവും 

പാഴ്ശ്രുതി പെറ്റ മേഘമൽഹാറും 

മാത്രം നിനക്ക് നല്കി മടങ്ങും 

എന്റെ പൊയ്ക്കാലിൻ ഗന്ധവും

Tuesday, November 4, 2014

മൂന്നു ചുംബനങ്ങൾ

(pic courtesy: www.plutonidades.com)




ഒന്ന് 

പാമ്പിനെ തല്ലി കൊന്നിട്ടുണ്ട്‌ , പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. ധീരനാണ്, കുടുംബത്തിൽ പിറന്നവനാണ്. ആവശ്യത്തിൽ  കൂടുതൽ ധാർമിക രോഷവും ഉണ്ട്. പക്ഷേ ഒരു പെണ്‍കുട്ടിയോട് ഒറ്റക്ക് സംസാരികുമ്പോൾ ഇപ്പോഴും ഒരു വിറയലുണ്ട്. ഞങ്ങൾക്കിത് പാരമ്പര്യമായി കിട്ടിയതാണത്രെ. അടുത്തുള്ള കോളനിയിൽ മേല്കൂരയില്ലാത്ത കുളിപ്പുരയിൽ കൂട്ടുകാരുടെ കൂടെ ഒളിഞ്ഞു നോക്കി മൊബയിൽ സിനിമടോഗ്രഫി പഠിച്ചപ്പോഴും ഇതേ വിറയൽ ഉണ്ടായിരുന്നു. ട്യൂഷൻ ക്ലാസിലെ കൂട്ടുകാരിയുടെ കൂടെ സിനിമയ്ക്കു കയറി കാട്ടി കൂട്ടിയ ക്രിയകളിലും ഇത് തുടർന്നു...പാരമ്പര്യം പെട്ടന്നങ്ങനെ വിട്ടു പോകുമോ?
ഒടുവിൽ ആറു വർഷത്തിനു ശേഷം അവൾ യാത്ര ചോദിച്ചു  പോകുമ്പോൾ മിഴിങ്ങസ്യ നിന്ന എന്നോട് അവൾ ഒന്നേ ചോദിച്ചുള്ളൂ ...ഒരു ഉമ്മ. കൊടുത്തില്ല. സ്ഥലവും സന്ദർഭവും മോശമായിട്ടല്ല. പണ്ടാരം...വിറയല് മാറണ്ടേ.
വർഷങ്ങൾക്ക് ശേഷം ആദ്യ സമാഗമ രാവിന്റെ ലാട്ടെർ ഹാഫിൽ ഭാര്യ ചോദിച്ച ചോദ്യം കേട്ട് പെട്ടന്ന് വിറയൽ മാറുകയും ചെയ്തു...."ഇതിനൊക്കെ മുൻപ് എനിക്ക് ഒരു ഉമ്മ എങ്കിലുമെങ്കിലും തന്നിട്ട് ആകാമായിരുന്നു. എന്തൊരു ആക്രാന്തമാ ഇത്". അന്ന് വിറയൽ ജാള്യതക്ക് വഴി മാറി. ഷോപ്പിങ്ങിനു കൂടെ പോകുമ്പോൾ, ബീച്ചിൽ സൂര്യാസ്തമനം കണ്ടിരികുമ്പോൾ..അവളുടെ കൈ പിടിക്കാൻ ഇപ്പോഴും അതേ ജാള്യത.ഒരുമിച്ചിരുന്നു പരിനീതി ചോപ്രയുടെ സിനിമ കാണുമ്പോഴാണ് അവളുടെ ഞെട്ടിക്കൽ വീണ്ടും. മങ്ങിയ വെളിച്ചത്തിൽ എന്റെ മുഖം പിടിച്ചു അവളുടെ നേർക്ക്‌ തിരിച്ചു അവൾ മന്ത്രിച്ചു..അല്ല...ആവശ്യപെട്ടു ..."കിസ് മീ ". ചെയ്തില്ല. ആരെങ്കിലും കണ്ടാലോ!


രണ്ട്  

മോനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അന്നും ഇന്നും അവൻ അങ്ങനെയാ. അച്ഛന്റെ തനി ആണെന്നാ അവന്റെ അപ്പച്ചിയും പറയുന്നത്. കുറച്ചേ സംസാരിക്കൂ. ദേഷ്യം വരുമ്പോ മാത്രം ശബ്ദം ഒന്നുയരും. പെട്ടന്നങ്ങ് തണുക്കുകയും ചെയ്യും. കൂട്ടുകാര് ഒരുപാട് പേരുണ്ട്. കൂടുതൽ സമയവും അവരുടെ കൂടെ തന്നെ. നിന്ന നിപ്പിൽ അവന്റെ അച്ഛൻ അങ്ങ് പോയപ്പോഴും അവനു വല്യ ഭാവ ഭേദം ഇല്ലായിരുന്നു. ഒന്ന് വിതുമ്പി. അത്ര തന്നെ. പക്ഷെ പാർടിയുടെ കാര്യത്തിൽ അങ്ങനെ അല്ല. കവലയിൽ അവന്റെ പ്രസംഗം ഒന്ന് കേൾകണ്ടത് തന്നെ എന്നാണു നാട്ടുകാർ പറയുന്നത്. മൊയ്തീൻ സായവിന്റെ കടക്ക് കല്ല് എറിഞ്ഞവർക്കെതിരെ അവൻ സമരം നയിച്ചത് മുൻപിൽ നിന്നായിരുന്നു. ഒടുവിൽ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു വിളിച്ചു കൊണ്ട് വന്നപ്പോൾ ഒന്നും പറഞ്ഞില്ല. ഇഷ്ടമുള്ളത് ചെയ്യട്ടെ. സന്തോഷമാവട്ടെ. പക്ഷെ എന്ത് ചെയ്യാൻ! അതും ശരിയായില്ല. ആ പെണ്ണ് ആരുടെയോ കൂടെ പൊയ്കളഞ്ഞു. പൊതുവെ ശാന്തനായ അവൻ അന്ന് എന്ത് ചെയ്യും എന്ന് അറിയില്ലായിരുന്നു. പൊട്ടി തെറിക്കുമോ? കരഞ്ഞു തളരുമോ? ഒന്നും ഉണ്ടായില്ല. ഒരു ദിവസം ഒരു ബാഗും തൂക്കി അവൻ അങ്ങിറങ്ങി പോയി. മനസമാധാനം തേടിയാണ് എന്നാ അവന്റെ അപ്പച്ചി പറഞ്ഞത്. പോകുമ്പോൾ പ്രതീക്ഷിച്ചു...അവന്റെ അമ്മയുടെ വിരലിൽ ഒന്ന് പിടിച്ചു എന്തെങ്കിലും പറയും എന്ന്. "ഒരു ഉമ്മ തന്നിട്ട് പോടാ അമ്മക്ക്"....ചോദ്യം പകുതിയേ വെളിയിൽ വന്നുള്ളൂ. അവൻ കൈ കുടഞ്ഞു നടന്നു. അച്ഛന്റെ മകനല്ലേ. ഒന്നും അങ്ങനെ പ്രകടിപിക്കില്ല.


മൂന്ന് 

എനിക്ക് പ്രായം പന്ത്രണ്ടോ പതിനാറോ? ആ... ആർക്കറിയാം. ഓർമ ഉള്ള അന്ന് മുതൽ ഈ തടി മില്ലിലെ "ഓൾ ഇൻ ഓൾ" ഞാൻ  ആണ്. തന്തയാര് തള്ളയാര് എന്നൊന്നും എന്നോട് ചോദിക്കരുത്. ചോദിച്ചാ പുഴുത്ത തെറി ഞാൻ വിളിക്കും. കടയുടെ മുതല്ലാളി ആണ് തന്ത എന്ന് ഒരു പക്ഷം. അതല്ല, ഏതോ ഭിക്ഷാടന സംഘത്തിൽ നിന്നും കൊഴിഞ്ഞു കിട്ടിയതാണെന്ന് മറ്റൊരു പക്ഷം. ആർക്ക് ചേതം? മൂന്ന് നേരം ആഹാരം. ശനിയാഴ്ച രാത്രി ചേട്ടന്മാർ ഷെയർ ഇട്ടു കുപ്പി വാങ്ങി അടികുമ്പോൾ ഒരു സ്മാൾ. ജീവിതം ജിന്ഗലാലാ. പക്ഷെ എല്ലാവരുടെയും അസിസ്റ്റന്റ്‌ ആവണം. എന്ന് വച്ചാൽ പ്രത്യേകിച്ച് വല്യ പണിയൊന്നും ഇല്ല താനും. ഞായർ പൊതുവെ ബോറാണ്. പണിക്കാർ ഉണ്ടാവില്ല. മില്ലിന്റെ മൂലയില എന്റെ കയറു വരിഞ്ഞ കട്ടിലിൽ ഞാൻ സിനിമാ മംഗളം വായിച്ചു കിടക്കും. കാൽകീഴിൽ എന്റെ അസിസ്റ്റന്റ്‌ ഉണ്ടാവും. പളനി എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു പട്ടി. കഴിഞ്ഞ ശനിയാഴ്ച പാതി രാത്രി പെട്ടി ഓട്ടോയിൽ വേലു ചേട്ടനും സംഘവും കൂടി തടി കടത്തിയത് കണ്ടതും കുരച്ചതും ഏറു കിട്ടിയതും അവനു തന്നെ. അവൻ ഇപ്പോഴും എന്റെ കട്ടിൻ കീഴിൽ തന്നെ. പക്ഷെ ഞാൻ ഔട്ട് ആയി. മുതലാളിയുടെ തല്ലും കൊണ്ട് ഔത മാപ്ലയുടെ പെട്ടികടയുടെ സൈഡിൽ ഒതുങ്ങിയ എന്നെ നോക്കാതെ നോക്കി വേലു ചേട്ടനും സംഘവും ഊണ് കഴിക്കാൻ ഷാപ്പിലോട്ടു നടന്നപ്പോൾ പളനി എന്റെ അടുത്ത് വന്നു. എന്നിട്ട് എന്നെ നോക്കി നിന്നു. "പോടാ പട്ടി"...ഞാൻ കല്ലെടുത്ത് ഓങ്ങി. വിശന്നു കണ്ണ് കാണുന്നില്ല. അപ്പോഴ അവന്റെ ഒരു നോട്ടം. പക്ഷെ പളനി പോയില്ല. അവൻ അടുത്ത് വന്ന് കാലിൽ ഉരുമ്മി ഇരുന്നു. എന്നിട്ട് എന്റെ മുഖത്ത് സ്നേഹത്തോടെ തല കൊണ്ട് ഒന്ന് മുട്ടി. ഇത് കണ്ടു മുറുക്കാൻ തുപ്പൽ തെറിപ്പിച്ചു ഔത മാപ്പിള പൊട്ടി ചിരിച്ചു...എന്നിട്ട് കണ്ണ് മുളപ്പിച്ചു എന്നെ നോക്കി സിനിമയിലെ നായകനെ പോലെ മൊഴിഞ്ഞു..."ഉമ്മ".

Thursday, July 7, 2011

വെയില്‍ വെട്ടത്തില്‍ ഒരു പെണ്ണ്


ചുമട്ടുതൊഴിലാളികള്പണ്ടെങ്ങോ പണിഞ്ഞ വെയിടിംഗ് ഷെഡിന്റെ മേല്കൂരയാകെ പൊട്ടി പോളിഞ്ഞതായിരുന്നു. അതിന്റെ ഇടയിലൂടെ വീണ വെയില്‍ കഷണങ്ങള്‍ പെണ്ണിന്റെ മുടിയില്വരച്ച വരയില്‍ അവന്‍ അങ്ങനെ നോക്കി നിന്നു. എന്തോ ചായം പുരട്ടിയതാരിക്കും ഒരു ചുവപ്പ് നിറം മുടിക്ക്. "കറുപ്പായിരുന്നു നല്ലത്", പയ്യന്സ് വെറുതേ ആലോചിച്ചു. എങ്കിലും പയ്യന്സിനു ഇഷ്ടമായി

 വാസ്തവത്തില്‍ ഇഷ്ടം തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു. ദൂരെ നിന്നു അങ്ങനെ നോക്കി നില്കും. ജൂണ്മാസത്തില്‍ രാവിലെ തന്നെ പെയ്യുന്ന താന്തോന്നി മഴയില്‍ നനഞ്ഞ മുടി മാടിയൊതുക്കി അവള്‍ ഓടി വരുമ്പോള്‍ പയ്യന്സിന്റെയ് മനസ്സില്‍ മഴവില്ല് വിരിയുമായിരുന്നു. എപ്പോഴും നിറയെ യാത്രക്കാര്‍ നിറഞ്ഞ വെയിടിംഗ് ഷെഡില്‍ അവള്‍ കൂട്ടുകാരോട് സംസാരിക്കുന്നതും മുടിയില്‍ വെയില്‍ വീഴുന്നതും എല്ലാം. നേരിട്ട് ചെന്ന് ഉള്ള കാര്യം പറയാനുള്ള ധൈര്യം ഇതുവരെ കൈവന്നില്ല. പലപ്പോഴും തീരുമാനിച്ചു രണ്ടടി മുന്നോട്ടു വച്ചതുമാണ്. അപ്പൊ ചങ്കിടിക്കും. വായിലെ വെള്ളവും വറ്റും. നായികയുടെ മുന്‍പില്‍ ബൈക്ക് സടെന്‍ ബ്രേക്ക്ഇട്ടു നിറുത്തി ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന എത്രയോ നായകന്മാരെ സിനിമയില്കണ്ടിടുണ്ട്! അതില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ട്‌ എന്നാണാവോ അങ്ങനെയൊന്നു ബ്രേക്ക്ഇടാന്‍ പറ്റുക? പയ്യന്സ് തല ചൊറിഞ്ഞു

പെണ്ണിന് പയ്യന്സിന്റെ പ്രസന്‍സ് ഉള്ള കാര്യം കൂടി അറിയില്ല. കൂട്ടുകാരോട് തമാശ പറഞ്ഞ് ചിരിച്ചു അവള്‍ അങ്ങനെ നില്കും. ഇടയ്ക്കു വെറുതെ മൊബൈല്‍ ഫോണില്‍ കുത്തി കളിക്കും. വഴിയെ പോകുന്ന വായിന്നോക്കി ചെക്കന്മാരെ ചൂണ്ടി കാട്ടി കൂട്ടച്ചിരിയും. എട്ടരക്കുള്ള കോളേജ് ബസില്‍ അവള്‍ കയറി പോകുന്നത് കണ്ടു പയ്യന്സ് അവന്റെ ഹീറോ ഹോണ്ട ബൈക് തിരിച്ചു വിടും. അടുത്ത ദിവസം രാവിലെ ആകുന്നതു വരെ ജീവിതത്തിനു ഒരു അര്‍ത്ഥവും ഇല്ലെന്നു അപ്പോള്‍ അവനു തോന്നിയിട്ടുണ്ട്. കോളേജില്‍ പോയാലും മനസ് നിറയെ വെയിടിംഗ് ഷെഡും വെയിലും പെണ്ണും ആണ്. ക്ലാസ്സില്ഇരുന്നു എത്രയോ തവണ "forced " മനോരാജ്യം കണ്ടിരിക്കുന്നു! എത്രയോ തവണ വാദ്ധ്യാരുടെ വായില്നിന്നും വേണ്ടാത്തത് കേട്ടിരിക്കുന്നു! ഇനിയും എത്ര നാളിങ്ങനെ

വെയിന്റിംഗ് ഷെഡിന്റെ മുന്‍പില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കറങ്ങിയാല്‍ അവള്‍ കാണുമായിരിക്കും. പക്ഷേ അപ്പോള്‍ തന്നെയും മറ്റു വായിനോക്കികളുടെ കൂട്ടത്തില്‍ പെടുത്തിയാലോ! അത് ആലോചിക്കാന്‍ കൂടി വയ്യ. പ്രതേകിച്ചു ആരെയും അവള്‍ അങ്ങനെ നോക്കുന്നതേ കണ്ടിട്ടില്ല. എങ്കിലും ചിലപ്പോള്‍ വെയിടിംഗ് ഷെഡിലെ പുരുഷന്മാര്‍ നില്‍കുന്ന ഭാഗത്തേക്ക്‌ അവളുടെ കണ്ണുകള്‍ അറിയാതെ വീഴുമ്പോള്‍ അവയില്‍ ഒരു "come hither " ഭാവം ഉള്ളതായി തോന്നിപോകും. അപ്പോള്‍ ബസിന്റെ പുകയും ഇരമ്പലും മഴയും വെയിലും എല്ലാം ചേര്‍ന്ന് ഒരു മണിരത്നം ചിത്രത്തിലേത് പോലെ പെട്ടന്ന് ഒരു റൊമാന്റിക്‌ സിറ്റുവേഷന്‍ ആയിത്തീരും. നിമിഷത്തിന്റെ വെമ്പലില്‍ ചിലപ്പോ കാലുകള്‍ അവളുടെ നേര്‍ക്ക്‌ നീങ്ങിയിട്ടുമുണ്ടാകാം. അപ്പോഴാണ്‌ നാശം പിടിക്കാന്‍ ആ വിറയല്‍ വീണ്ടും....
ഇന്ന് തിങ്കളാണ്. ഫെബ്രുവരിയിലെ പതിനാലും. ലോകമെമ്പാടുമുള്ള കാമുകര്‍ക്ക് വേണ്ടി മാറ്റി വച്ചിട്ടുള്ള ദിനം. ഇന്ന് തീര്‍ക്കണം ഈ കാത്തിരിപ്പ്; പയ്യന്‍സ് തീരുമാനിച്ചു. അപ്പ്രോച് ചെയ്യേണ്ട രീതിയും പറയേണ്ട വാക്കുകളും ഒരു നൂറാവര്‍ത്തി പ്രാക്ടിസ് ചെയ്തു നോക്കി. എന്നിട്ട് പഴവങ്ങാടിയില്‍രാവിലെ  പത്തു തേങ്ങയും അടിച്ചു. ഇപ്പോള്‍ ഒരു ചെറിയ ധൈര്യമൊക്കെ ഉള്ളപോലെ തോന്നുന്നു. 

അവള്‍ വരാറായി. സ്ഥിരം വിറയല്‍ വരുന്നതിനു മുന്‍പ് അവളിങ്ങു എതണമേ എന്നൊരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളു. അങ്ങനെ നില്‍കുമ്പോഴാണ് കണ്ടത്, ദൂരെ നിന്നും അവള്‍ ഒറ്റയ്ക്ക് നടന്നു വരുന്നു. ഇളം നീല ചുരിദാറില്‍ അവള്‍ ഒരു ദേവത തന്നെ! വെയിടിംഗ് ഷെഡില്‍ എത്തും മുന്‍പ് കാര്യം തീര്‍ക്കണം. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു അങ്ങോട്ട്‌ വിട്ടു. എന്നിട്ട് അവളുടെ അടുത്ത് സടെന്‍ ബ്രെയ്ക്ക് ഇട്ടു നിര്‍ത്തി. ഒന്ന് അന്ധാളിച്ചു പോയ അവളുടെ നീണ്ടിടം പെട്ട കണ്ണുകള്‍ കുറെ കൂടുതല്‍ വിടര്‍ന്നു. സകല ദൈവങ്ങളെയും മനസ്സില്‍ ഒന്ന് ധ്യാനിച്ചു. കൂട്ടത്തില്‍ ഷാരുഖ് ഖാനെയും പ്രിത്വിരാജിനെയും. ഇടതു കൈ കൊണ്ട് സ്റ്റൈലില്‍ മുടി പുറകോട്ടു മാടിയൊതുക്കി അവളോട്‌ ചോദിച്ചു...

"താന്‍.... താന്‍ ഫെയിസ്ബുക്കില്‍ ഉണ്ടോ?"

Sunday, September 19, 2010

പഴംപൊരി

ബാച്ചിലര്‍ ലൈഫിന്റെ ചില്ലറ പരിപാടികളുമായി തിരോവന്തോരം സിറ്റിയില്‍ താമസിക്കുന്ന കാലം. കൂടെ വേറെ രണ്ടു ബാചിലരന്മാരും. പെട്ടാന്നൊരു ദിവസംതാമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിയേണ്ട അവസ്ഥ. എന്താ ചെയ്ക!

കൂട്ടത്തില്‍ മടി കുറവുള്ള രാജീവ് എന്നും ആപ്പീസില്‍ നിന്നും തിരിച്ചു വരുന്ന വഴി ഒരു തപ്പല്‍നടത്തും; ഒഴിഞ്ഞ വീടുകള്‍ ഉണ്ടോ എന്ന് . അങ്ങനെ ഒരു തപ്പലിന്റെയ് ഒടുവില്‍ ഒരുഓടിട്ട വീടിന്റെ ഫ്രൊന്റില്‍ ഒരു ബോര്‍ഡ്‌ കണ്ടു; സമയം കളയാതെ കേറികോളിംഗ് ബെല്‍ അടിച്ചു. ശേഷം നടന്നത് രാജീവ് പറഞ്ഞത് പ്രകാരം:

"
വാതില്‍ തുറന്നത് പാല്‍ പുഞ്ചിരി തൂകി ഒരു അമ്മാവി. അമ്മവിയുടെയ്പുറകില്‍ ഒരു പെണ്‍കുട്ടിയുടെ നിഴലാട്ടം. കുറച്ചു കൂടി ക്ലിയര്‍ ആയി പറഞ്ഞാല്‍അര വരെ മുടിയുള്ള ഒരു പെണ്‍കിടാവിന്റെ നിഴല്‍."

എന്പതുകളിലെ ഏതോ സിനിമയില്‍ വാടകയ്ക്ക് വീട് തേടി ചെന്ന്പെണ്ണിനേയും അടിച്ചു മാറ്റി പോകുന്ന സുകുമാരന്റെയ് ഒരു ഉള്പുളഗതോടെ രാജീവ് കാര്യം അവതരിപ്പിച്ചു. പെണ്ണ് കെട്ടാത്ത പയ്യന്മാര്‍ക്ക് വീട് കൊടുക്കാന്‍താല്പര്യം ഇല്ലെന്ന്നു പറഞ്ഞ അമ്മാവി എങ്കിലും ഒരു ഇളവു പ്രഖ്യാപിച്ചു; "കൂടെയുള്ള ചെക്കന്മാരേ കൂടി ഒന്ന് കാണട്ടെ".

അങ്ങനെ ഞങ്ങള്‍ ബാക്കി ചെക്കന്മാര് കൂടി അമ്മാവിയുടെ ഇന്റര്‍വ്യൂ കൂടാന്‍പോയി. പ്രകടനം തൃപ്തികരം ആയതിനാല്‍ വീട് കിട്ടി. അമ്മവിയുടെയ് പിന്നില്‍പെണ്‍കുട്ടിയുടെ നിഴല്‍ അപ്പോഴും ക്ലിയര്‍ അല്ലായിരുന്നു.

ഞങ്ങള്‍ താമസം തുടങ്ങി.
ഏതാനും ദിവസങ്ങല്കുള്ളില്‍ ചിത്രം ഏതാണ്ട് വ്യക്തമായി. ഞങ്ങള്‍സ്നേഹപൂര്‍വ്വം ആന്റി എന്ന് വിളിച്ചിരുന്ന അമ്മാവിക്കു നീല്മുടിക്കാരിഒറ്റ മകള്‍ ആണെന്നും ആന്റി സാമാന്യം സാമ്പത്തികം ഉള്ള ടീം ആണെന്നും. തെങ്ങിന്‍ തോപ്പും റബ്ബറും ഒക്കെ ഉണ്ട് പോലും. എങ്കിലും പെണ്‍കുട്ടിയുടെമുഖം മാത്രം ഒന്ന് വ്യക്തമായി കാണാന്‍ ഞങ്ങള്ക് സാധിച്ചില്ല.

മൊബയില്‍ ഫോണ്‍ അത്ര വ്യാപകം ആയിടുള്ള കാലം അല്ല. അത് കൊണ്ട്ആന്റിയുടെ വീടിലെ ഫോണ്‍ നമ്പര്‍ സ്വന്തം വീട്ടില്‍ കൊടുത്തു. അവിടുന്ന് ആരെങ്കിലും വിളികുംബോഴെങ്കിലും പെങ്കൊച്ചിനെ ഒന്ന് വൃത്തിയായികാണാന്‍ കിട്ടുമെന്ന് കരുതി.ദിവസങ്ങള്‍ കടന്നുപോയി. അങ്ങനെ ഒരു ദിവസംപെണ്ണുകാണല്‍ നടന്നു.താഴെ കൊടുത്തിരിക്കുന്ന വര്‍ണന രാജീവിന്റെ വാക്കുകളില്‍തന്നെ ആണ്...

ഏതാണ്ട് അഞ്ചടി പത്തിഞ്ചു ഉയരം, നല്ല ഷോല്ടെര്‍. നല്ല കനമുള്ള കൈ. അര വരെ മുടി. ചെറിയമീശ ഉണ്ടോ സംശയം. ഗജരാജവിരാജിത മന്ദഗതി. കിളിനാദം. മിസ്‌ കേരള പെജിയന്റിനു തയാര്‍എടുക്കയാണെന്നു ആന്റി പറഞ്ഞു. എന്തുകൊണ്ട് മിസ്ടര്‍ കേരള ആയി കൂടാഎന്ന് ഞങ്ങള്‍ മൂന്ന് ബാച്ചിലരന്മാരും മനസാ ചോദിച്ചു.

പിന്നീടങ്ങോട്ട് കൂടുതല്‍ ഫോണ്‍ വിളിക്കണ്ട എന്ന് ഞങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. എന്തിനു വെറുതേ?

എങ്കിലും ആന്റി പലപ്പോഴും ഞങ്ങള്ക് മകള്‍ ഉണ്ടാക്കിയ ചില സ്പെഷ്യല്‍വിഭവങ്ങള്‍ കൊണ്ടുതരുമായിരുന്നു. ഒരിക്കല്‍ പെണ്ണ് ഉണ്ടാക്കിയ പഴം പൊരിയുടെ വിശേഷം പറഞ്ഞു തീര്‍ക്കാന്‍ ആന്റി ഒരു മണികൂര്‍ എടുത്തു. വായിലേ ദുസ്വാട്പോകാന്‍ ഒരു ദിവസവും. പണ്ടെങ്ങോ കണ്ട സ്വപ്നത്തിലെ തെങ്ങിന്‍ തോപ്പുംറബ്ബറും എന്നേ മുരടിച്ചിരുന്നു.

ഒരു വൈകുന്നേരം രാജീവ് ഞങ്ങളെ കാത്തിരുന്നത് ഒരു പുതിയവാര്‍ത്തയുമായി ആയിരുന്നു. ആന്റി രാജീവിനെ വിളിച്ചിരുന്നു വീടിലേക്ക്‌. ഒറ്റയ്ക്ക്. അവിടെ പെണ്‍കുട്ടി അവനു ചായ ഉണ്ടാക്കി കൊടുത്തു. ആന്റിവിശേഷങ്ങള്‍ ചോദിച്ചു. എന്നിട്ട് അവളുടെ ഫോട്ടോസ് അടങ്ങിയ അനേകംആല്‍ബങ്ങള്‍ കാണിച്ചു. മിസ്‌ കേരളക്ക് വേണ്ടി ഒരുങ്ങി ഇരിക്കുന്ന, അനേകംകൊസ്റ്യുംസില്‍ ഉള്ള ഫോട്ടോകള്‍. എന്നിട്ട് ആന്റി ചോദിച്ചുവത്രേ; "മഞ്ജുവിനെ ഇഷടപെട്ടോ?"

കുടിച്ച ചായയുടെ പകുതി അറിയാതെ തുപ്പി പോയ രാജീവ് ന്യുസ്പെപ്പര്‍ കൊണ്ട് ഷര്‍ട്ടും തുടച്ചു എപ്പോഴോ ഇറങ്ങി പോന്നു.

പിന്നെയും ഞങ്ങള്‍ അവിടെ ഏതാനും മാസം കൂടി താമസിച്ചു. കരിഞ്ഞപഴംപൊരികളും ഫോണ്‍വിളികളും പിന്നെയും ഉണ്ടായി. ഒടുക്കം എല്ലാംകെട്ടിപെരുക്കി ഇറങ്ങുമ്പോ രാജീവന്‍ തിരിഞ്ഞു നോക്കിയില്ല. ഞങ്ങളും.

എന്തിനു വെറുതെ?