![]() |
| (pic courtesy: www.plutonidades.com) |
ഒന്ന്
പാമ്പിനെ തല്ലി കൊന്നിട്ടുണ്ട് , പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. ധീരനാണ്, കുടുംബത്തിൽ പിറന്നവനാണ്. ആവശ്യത്തിൽ കൂടുതൽ ധാർമിക രോഷവും ഉണ്ട്. പക്ഷേ ഒരു പെണ്‍കുട്ടിയോട് ഒറ്റക്ക് സംസാരികുമ്പോൾ ഇപ്പോഴും ഒരു വിറയലുണ്ട്. ഞങ്ങൾക്കിത് പാരമ്പര്യമായി കിട്ടിയതാണത്രെ. അടുത്തുള്ള കോളനിയിൽ മേല്കൂരയില്ലാത്ത കുളിപ്പുരയിൽ കൂട്ടുകാരുടെ കൂടെ ഒളിഞ്ഞു നോക്കി മൊബയിൽ സിനിമടോഗ്രഫി പഠിച്ചപ്പോഴും ഇതേ വിറയൽ ഉണ്ടായിരുന്നു. ട്യൂഷൻ ക്ലാസിലെ കൂട്ടുകാരിയുടെ കൂടെ സിനിമയ്ക്കു കയറി കാട്ടി കൂട്ടിയ ക്രിയകളിലും ഇത് തുടർന്നു...പാരമ്പര്യം പെട്ടന്നങ്ങനെ വിട്ടു പോകുമോ?
ഒടുവിൽ ആറു വർഷത്തിനു ശേഷം അവൾ യാത്ര ചോദിച്ചു പോകുമ്പോൾ മിഴിങ്ങസ്യ നിന്ന എന്നോട് അവൾ ഒന്നേ ചോദിച്ചുള്ളൂ ...ഒരു ഉമ്മ. കൊടുത്തില്ല. സ്ഥലവും സന്ദർഭവും മോശമായിട്ടല്ല. പണ്ടാരം...വിറയല് മാറണ്ടേ.
വർഷങ്ങൾക്ക് ശേഷം ആദ്യ സമാഗമ രാവിന്റെ ലാട്ടെർ ഹാഫിൽ ഭാര്യ ചോദിച്ച ചോദ്യം കേട്ട് പെട്ടന്ന് വിറയൽ മാറുകയും ചെയ്തു...."ഇതിനൊക്കെ മുൻപ് എനിക്ക് ഒരു ഉമ്മ എങ്കിലുമെങ്കിലും തന്നിട്ട് ആകാമായിരുന്നു. എന്തൊരു ആക്രാന്തമാ ഇത്". അന്ന് വിറയൽ ജാള്യതക്ക് വഴി മാറി. ഷോപ്പിങ്ങിനു കൂടെ പോകുമ്പോൾ, ബീച്ചിൽ സൂര്യാസ്തമനം കണ്ടിരികുമ്പോൾ..അവളുടെ കൈ പിടിക്കാൻ ഇപ്പോഴും അതേ ജാള്യത.ഒരുമിച്ചിരുന്നു പരിനീതി ചോപ്രയുടെ സിനിമ കാണുമ്പോഴാണ് അവളുടെ ഞെട്ടിക്കൽ വീണ്ടും. മങ്ങിയ വെളിച്ചത്തിൽ എന്റെ മുഖം പിടിച്ചു അവളുടെ നേർക്ക് തിരിച്ചു അവൾ മന്ത്രിച്ചു..അല്ല...ആവശ്യപെട്ടു ..."കിസ് മീ ". ചെയ്തില്ല. ആരെങ്കിലും കണ്ടാലോ!
രണ്ട്
മോനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അന്നും ഇന്നും അവൻ അങ്ങനെയാ. അച്ഛന്റെ തനി ആണെന്നാ അവന്റെ അപ്പച്ചിയും പറയുന്നത്. കുറച്ചേ സംസാരിക്കൂ. ദേഷ്യം വരുമ്പോ മാത്രം ശബ്ദം ഒന്നുയരും. പെട്ടന്നങ്ങ് തണുക്കുകയും ചെയ്യും. കൂട്ടുകാര് ഒരുപാട് പേരുണ്ട്. കൂടുതൽ സമയവും അവരുടെ കൂടെ തന്നെ. നിന്ന നിപ്പിൽ അവന്റെ അച്ഛൻ അങ്ങ് പോയപ്പോഴും അവനു വല്യ ഭാവ ഭേദം ഇല്ലായിരുന്നു. ഒന്ന് വിതുമ്പി. അത്ര തന്നെ. പക്ഷെ പാർടിയുടെ കാര്യത്തിൽ അങ്ങനെ അല്ല. കവലയിൽ അവന്റെ പ്രസംഗം ഒന്ന് കേൾകണ്ടത് തന്നെ എന്നാണു നാട്ടുകാർ പറയുന്നത്. മൊയ്തീൻ സായവിന്റെ കടക്ക് കല്ല് എറിഞ്ഞവർക്കെതിരെ അവൻ സമരം നയിച്ചത് മുൻപിൽ നിന്നായിരുന്നു. ഒടുവിൽ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു വിളിച്ചു കൊണ്ട് വന്നപ്പോൾ ഒന്നും പറഞ്ഞില്ല. ഇഷ്ടമുള്ളത് ചെയ്യട്ടെ. സന്തോഷമാവട്ടെ. പക്ഷെ എന്ത് ചെയ്യാൻ! അതും ശരിയായില്ല. ആ പെണ്ണ് ആരുടെയോ കൂടെ പൊയ്കളഞ്ഞു. പൊതുവെ ശാന്തനായ അവൻ അന്ന് എന്ത് ചെയ്യും എന്ന് അറിയില്ലായിരുന്നു. പൊട്ടി തെറിക്കുമോ? കരഞ്ഞു തളരുമോ? ഒന്നും ഉണ്ടായില്ല. ഒരു ദിവസം ഒരു ബാഗും തൂക്കി അവൻ അങ്ങിറങ്ങി പോയി. മനസമാധാനം തേടിയാണ് എന്നാ അവന്റെ അപ്പച്ചി പറഞ്ഞത്. പോകുമ്പോൾ പ്രതീക്ഷിച്ചു...അവന്റെ അമ്മയുടെ വിരലിൽ ഒന്ന് പിടിച്ചു എന്തെങ്കിലും പറയും എന്ന്. "ഒരു ഉമ്മ തന്നിട്ട് പോടാ അമ്മക്ക്"....ചോദ്യം പകുതിയേ വെളിയിൽ വന്നുള്ളൂ. അവൻ കൈ കുടഞ്ഞു നടന്നു. അച്ഛന്റെ മകനല്ലേ. ഒന്നും അങ്ങനെ പ്രകടിപിക്കില്ല.
മൂന്ന്
എനിക്ക് പ്രായം പന്ത്രണ്ടോ പതിനാറോ? ആ... ആർക്കറിയാം. ഓർമ ഉള്ള അന്ന് മുതൽ ഈ തടി മില്ലിലെ "ഓൾ ഇൻ ഓൾ" ഞാൻ ആണ്. തന്തയാര് തള്ളയാര് എന്നൊന്നും എന്നോട് ചോദിക്കരുത്. ചോദിച്ചാ പുഴുത്ത തെറി ഞാൻ വിളിക്കും. കടയുടെ മുതല്ലാളി ആണ് തന്ത എന്ന് ഒരു പക്ഷം. അതല്ല, ഏതോ ഭിക്ഷാടന സംഘത്തിൽ നിന്നും കൊഴിഞ്ഞു കിട്ടിയതാണെന്ന് മറ്റൊരു പക്ഷം. ആർക്ക് ചേതം? മൂന്ന് നേരം ആഹാരം. ശനിയാഴ്ച രാത്രി ചേട്ടന്മാർ ഷെയർ ഇട്ടു കുപ്പി വാങ്ങി അടികുമ്പോൾ ഒരു സ്മാൾ. ജീവിതം ജിന്ഗലാലാ. പക്ഷെ എല്ലാവരുടെയും അസിസ്റ്റന്റ് ആവണം. എന്ന് വച്ചാൽ പ്രത്യേകിച്ച് വല്യ പണിയൊന്നും ഇല്ല താനും. ഞായർ പൊതുവെ ബോറാണ്. പണിക്കാർ ഉണ്ടാവില്ല. മില്ലിന്റെ മൂലയില എന്റെ കയറു വരിഞ്ഞ കട്ടിലിൽ ഞാൻ സിനിമാ മംഗളം വായിച്ചു കിടക്കും. കാൽകീഴിൽ എന്റെ അസിസ്റ്റന്റ് ഉണ്ടാവും. പളനി എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു പട്ടി. കഴിഞ്ഞ ശനിയാഴ്ച പാതി രാത്രി പെട്ടി ഓട്ടോയിൽ വേലു ചേട്ടനും സംഘവും കൂടി തടി കടത്തിയത് കണ്ടതും കുരച്ചതും ഏറു കിട്ടിയതും അവനു തന്നെ. അവൻ ഇപ്പോഴും എന്റെ കട്ടിൻ കീഴിൽ തന്നെ. പക്ഷെ ഞാൻ ഔട്ട് ആയി. മുതലാളിയുടെ തല്ലും കൊണ്ട് ഔത മാപ്ലയുടെ പെട്ടികടയുടെ സൈഡിൽ ഒതുങ്ങിയ എന്നെ നോക്കാതെ നോക്കി വേലു ചേട്ടനും സംഘവും ഊണ് കഴിക്കാൻ ഷാപ്പിലോട്ടു നടന്നപ്പോൾ പളനി എന്റെ അടുത്ത് വന്നു. എന്നിട്ട് എന്നെ നോക്കി നിന്നു. "പോടാ പട്ടി"...ഞാൻ കല്ലെടുത്ത് ഓങ്ങി. വിശന്നു കണ്ണ് കാണുന്നില്ല. അപ്പോഴ അവന്റെ ഒരു നോട്ടം. പക്ഷെ പളനി പോയില്ല. അവൻ അടുത്ത് വന്ന് കാലിൽ ഉരുമ്മി ഇരുന്നു. എന്നിട്ട് എന്റെ മുഖത്ത് സ്നേഹത്തോടെ തല കൊണ്ട് ഒന്ന് മുട്ടി. ഇത് കണ്ടു മുറുക്കാൻ തുപ്പൽ തെറിപ്പിച്ചു ഔത മാപ്പിള പൊട്ടി ചിരിച്ചു...എന്നിട്ട് കണ്ണ് മുളപ്പിച്ചു എന്നെ നോക്കി സിനിമയിലെ നായകനെ പോലെ മൊഴിഞ്ഞു..."ഉമ്മ".

No comments:
Post a Comment